തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പിഎസ്സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാനാണ് തീരുമാനം. തുടർന്നും അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ നിയമപരമായ കടുത്ത നടപടികളിലേക്ക് നീങ്ങാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ രൂക്ഷമായ നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കുന്നത്. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷകൾ ഉൾപ്പെടെ ചില പരീക്ഷകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതിന്റെ ഭാഗമായി പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ചില അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ തയ്യാറായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അഞ്ച് അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകില്ലെന്നും പകരം പിഎസ്സി ആസ്ഥാനത്ത് മൊഴി രേഖപ്പെടുത്താമെന്നും അറിയിച്ചതായാണ് വിവരം.
ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ പിഎസ്സി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചത്. പരീക്ഷയിലെ 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രഥമദൃഷ്ട്യാ തന്നെ അഴിമതിയുടെ സൂചനകളുണ്ടെന്ന തരത്തിലുള്ള നിരീക്ഷണവും കോടതി നടത്തി.
അന്വേഷണവുമായി പിഎസ്സി ഉദ്യോഗസ്ഥർ വേണ്ടവിധം സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അനുമതിയില്ലെന്ന വാദമാണ് പിഎസ്സി ഭാഗത്തുനിന്ന് ഉയർന്നത്.
ഈ നിലപാടിനെയും കോടതി ചോദ്യം ചെയ്തു. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ തൊഴിൽ പ്രതീക്ഷകളുമായി നേരിട്ട് ബന്ധപ്പെട്ട സ്ഥാപനമാണ് പിഎസ്സിയെന്നും അവിടെ നടക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അതീവ പ്രധാനമാണെന്നും കോടതി ഓർമിപ്പിച്ചു.
“എന്തുകൊണ്ടാണ് പിഎസ്സി അന്വേഷണവുമായി സഹകരിക്കാത്തത്? യഥാർത്ഥ വസ്തുതകൾ അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താമല്ലോ?” എന്നായിരുന്നു കോടതിയുടെ ചോദ്യം.
സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അവരുടെ താൽപര്യവും പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.
പിഎസ്സിയുടെ ഹർജിയിൽ സർക്കാർ ഒരാഴ്ചയ്ക്കകം വിശദമായ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അന്വേഷണവുമായി സഹകരിക്കാൻ വീണ്ടും വിസമ്മതിച്ചാൽ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതും പരിഗണനയിലുണ്ട്.
