ഇരുളും വെളിച്ചവും മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ തന്നെ മനുഷ്യന്റെ ചിന്തയെയും ഭാവനയെയും സ്വാധീനിച്ച രണ്ട് ശക്തമായ പ്രതീകങ്ങളാണ്. ഇരുട്ട് എന്നത് വെളിച്ചത്തിന്റെ അഭാവം മാത്രമായി കാണേണ്ടതില്ല, പലപ്പോഴും അത് അജ്ഞാനത്തിന്റെയും ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അനീതിയുടെയും,അവഗണയുടെയും പ്രതീകമായി മാറുന്നു. അതുപോലെ വെളിച്ചം സൂര്യപ്രകാശത്തിന്റെ ഭൗതിക സാന്നിധ്യം എണ്ണത്തിലും ഉപരി അറിവിന്റെയും പ്രത്യാശയുടെയും സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകംകൂടിയാണ്. സാഹിത്യത്തിലും ദർശനത്തിലും മതചിന്തയിലും സാമൂഹിക വിമർശനങ്ങളിലും “ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്” എന്ന പ്രയാണം മനുഷ്യന്റെ നിരന്തരമായ ആത്മാന്വേഷണത്തിന്റെ, സ്വയം പരിശോധനയുടെ രൂപകമായി നിലകൊള്ളുന്നു.
പ്രപഞ്ചത്തിൽ പകലും രാത്രിയും പരസ്പരം പൂർത്തിയാക്കുന്ന ഘടകങ്ങളാണ്. ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതക്രമം തന്നെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഉറക്കവും ഉണർവും, സസ്യങ്ങളുടെ വളർച്ചയും പൂ, പക്ഷിഷ്കപിക്കലും മൃഗങ്ങളുടെയും,പക്ഷികളുടെയും മറ്റു ജീവികളുടെയും സഞ്ചാരവും ആഹാരാന്വേഷണവും എല്ലാം ഏതെങ്കിലും തരത്തിൽ പ്രകൃതിയുടെ പ്രകാശ, അന്ധകാര ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മനുഷ്യന്റെ മനസ്സിൽ മറ്റുജീവികളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ഇരുട്ടു നിറഞ്ഞു നിൽക്കുന്നുണ്ട്. അത് മനസ്സിനുള്ളിലെ ഇരുട്ടാണ്. പുറത്ത് സൂര്യൻ ഉദിച്ചിട്ടും ഒരാളുടെ ഉള്ളിൽ ഭയം, വിദ്വേഷം, അസൂയ, അജ്ഞാനം, നിരാശ എന്നിവയുടെ രാത്രി തുടരാം. അതുപോലെ പുറംലോകം ഇരുണ്ടിരിക്കുമ്പോഴും അറിവും പ്രത്യാശയും നിറഞ്ഞ മനസ്സിന് സ്വന്തം വെളിച്ചം കണ്ടെത്തുവാനും കഴിയും.
മനുഷ്യചരിത്രത്തെ നോക്കുമ്പോഴും ഈ തമസ്സും വെളിച്ചവും തമ്മിലുള്ള പോരാട്ടം കാണാം. അറിവില്ലായ്മ മനുഷ്യനെ അന്ധവിശ്വാസങ്ങളിലേക്കും ഭയങ്ങളിലേക്കും നയിക്കുകയും, അധികാരത്തിന്റെ ദുരുപയോഗം മനുഷ്യനെ മനുഷ്യന്റെ തന്നെ അടിമയാക്കി. ജാതിയുടെയും വർഗത്തിന്റെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ മനുഷ്യർക്കിടയിൽ മതിലുകൾ പണിതു. യുദ്ധങ്ങൾ സംസ്കാരങ്ങളെ ചുട്ടെരിക്കുകയും മനുഷ്യജീവിതത്തെ തകർക്കുകയും ചെയ്തു. എന്നാൽ ഓരോ കാലത്തും ആ ഇരുട്ടിനെ ചോദ്യം ചെയ്ത ചില ദാർശനിക മനുഷ്യർ ഉടലെടുത്തു. അവർ അറിവിന്റെ വിളക്കുകൾ തെളിച്ചു,സമൂഹത്തോട് ചോദ്യങ്ങൾ ചോദിച്ചു, അനീതിക്കെതിരെ ശബ്ദമുയർത്തി; മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ആവശ്യപ്പെട്ടു. അതാണ് ചരിത്രത്തിലെ യഥാർത്ഥ വെളിച്ചത്തിലേക്കുള്ള യാത്ര.
സമകാലിക ലോകം ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതിശയകരമായ വെളിച്ചം നേടിയ കാലമാണ്. ഒരു നിമിഷംകൊണ്ട് ലോകത്തിന്റെ മറുവശത്തുള്ള മനുഷ്യനുമായി ആശയവിനിമയം നടത്താം. ബഹിരാകാശത്തെക്കുറിച്ചും മനുഷ്യശരീരത്തെക്കുറിച്ചും പ്രകൃതിയുടെ രഹസ്യങ്ങളെക്കുറിച്ചും മുൻകാല മനുഷ്യൻ സ്വപ്നം കാണാത്തത്ര അറിവ് ഇന്ന് നമുക്കുണ്ട്. എന്നാൽ അറിവിന്റെ ഈ പ്രകാശത്തിനൊപ്പം മനുഷ്യന്റെ ഉള്ളിൽ പുതിയ ഇരുട്ടുകളും രൂപപ്പെടുന്നുണ്ട്. വിവരങ്ങളുടെ തെറ്റായതും, അമിതവുമായ പ്രവാഹം സത്യത്തെ തിരിച്ചറിയാനുള്ള കഴിവിനെ തന്നെ ചിലപ്പോൾ ദുർബലമാക്കുന്നു. സാങ്കേതികവിദ്യ മനുഷ്യരെ ബന്ധിപ്പിക്കുമ്പോഴും മനസ്സുകൾ തമ്മിലുള്ള അകലം വർധിക്കാം. സാമൂഹിക മാധ്യമങ്ങൾ ആശയവിനിമയത്തിന്റെ വാതിലുകൾ തുറക്കുമ്പോൾ വിദ്വേഷത്തിനും അപവാദത്തിനും അസത്യപ്രചാരണത്തിനും വേദിയാകുകയും ചെയ്യുന്നു.
ഇന്നത്തെ മനുഷ്യന്റെ മറ്റൊരു ഇരുട്ട് ഉപഭോഗത്തിന്റെ അതിരില്ലാത്ത ആഗ്രഹമാണ്. ആവശ്യവും ആഗ്രഹവും തമ്മിലുള്ള അതിർത്തി മങ്ങിക്കൊണ്ടിരിക്കുന്നു. കൂടുതൽ സമ്പത്ത്, കൂടുതൽ സൗകര്യം, കൂടുതൽ അംഗീകാരം, കൂടുതൽ അധികാരം എന്നിങ്ങനെ മനുഷ്യന്റെ ആഗ്രഹങ്ങൾ വളരുന്നു പന്തലിച്ചിരിയ്ക്കുന്നു. ജീവിതത്തിന്റെ അർത്ഥം കൈവശമുള്ള സ്വത്തു,അധികാരം,സമ്പത്തു വസ്തുക്കളുടെ എനനവും,ധാരാളിത്വവും അളക്കാൻ തുടങ്ങുമ്പോൾ മനുഷ്യൻ തന്റെ ഉള്ളിലെ സമാധാനം നഷ്ടപ്പെടുത്തുന്നു. പുറംലോകം പ്രകാശഭരിതമായിരിക്കുമ്പോഴും ഉള്ളിൽ ശൂന്യത വളരുന്നു. അതുകൊണ്ടാണ് ആധുനിക മനുഷ്യന് ഇന്ന് ആവശ്യമായ വെളിച്ചം വൈദ്യുതിയുടെയോ സാങ്കേതികവിദ്യയുടെയോ വെളിച്ചം മാത്രമല്ല മറിച്ചു വിവേകത്തിന്റെ വെളിച്ചം കൂടിയാണ്.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വഴി ആദ്യം ആരംഭിക്കേണ്ടത് മനുഷ്യന്റെ തന്നെ ഉള്ളിൽ നിന്നാണ്. വ്യക്തികളിൽ നിന്നാണ്. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തുന്നതിന് മുമ്പ് സ്വന്തം ചിന്തകളിലെ,മനസ്സിലെ ഇരുട്ടിനെ സ്വയം തിരിച്ചറിയണം. വിദ്വേഷം വളർത്തുന്ന മനസ്സിന് സമാധാനം സൃഷ്ടിക്കാൻ കഴിയില്ല. അസത്യത്തെ ആശ്രയിക്കുന്ന വ്യക്തിക്ക് സത്യത്തിന്റെ സമൂഹം സൃഷ്ടിക്കാനാവില്ല. സ്വാർത്ഥതയിൽ മാത്രം ജീവിക്കുന്ന മനുഷ്യന് സഹജീവിതത്തിന്റെ മഹത്വം മനസ്സിലാക്കാനും കഴിയില്ല. അതുകൊണ്ട് വെളിച്ചത്തിലേക്കുള്ള ആദ്യ ചുവട് സ്വയമുള്ള ആത്മപരിശോധനയാണ്. “എന്റെ ഉള്ളിൽ എന്താണ് ഇരുട്ട് എന്നിൽ സൃഷ്ടിക്കുന്നത്?” എന്ന ചോദ്യം സ്വയം ചോദിക്കുക.
ഭാരതീയ ദാർശനിക പാരമ്പര്യത്തിൽ ഈ യാത്രയ്ക്ക് വളരെ ആഴമുള്ള ഒരു പ്രാർത്ഥനയുണ്ട്.
“തമസോ മാ ജ്യോതിർഗമയ”. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിക്കണമേ. ഇവിടെ തമസും ജ്യോതിയും കേവലം രാത്രിയും പകലുമല്ല. അജ്ഞാനത്തിൽ നിന്ന് ജ്ഞാനത്തിലേക്കും, അസത്യത്തിൽ നിന്ന് സത്യത്തിലേക്കും, മരണബോധത്തിൽ നിന്ന് ആത്മബോധത്തിലേക്കുമുള്ള യാത്രയാണ് അതിന്റെ ആന്തരിക അർത്ഥം. മനുഷ്യൻ പുറത്തെ ലോകത്തെ കീഴടക്കുന്നതിനു മുമ്പ് സ്വന്തം ഉള്ളിലെ അന്ധകാരത്തെ തിരിച്ചറിയണമെന്ന വലിയ സന്ദേശമാണ് ഇതിലുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിലും അറിവിനും ആത്മബോധത്തിനും മനുഷ്യസമത്വത്തിനും വലിയ സ്ഥാനമുണ്ട്. ഗുരുവിന്റെ “വിദ്യകൊണ്ട് സ്വതന്ത്രരാകുക” എന്ന സന്ദേശം മനുഷ്യനെ അജ്ഞാനത്തിന്റെ ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന സാമൂഹിക ആഹ്വാനമായി വായിക്കാം. വിദ്യാഭ്യാസം ഇവിടെ തൊഴിൽ നേടാനുള്ള ഉപാധി മാത്രമല്ല. മനുഷ്യനെ ചിന്തിക്കാൻ പ്രാപ്തനാക്കുന്ന ശക്തിയാണ് വിദ്യാഭ്യാസം . അറിവ് മനുഷ്യനെ ചോദ്യം ചെയ്യാൻ പഠിപ്പിക്കുമ്പോൾ മനസ്സിലെ വിവേകം എന്ത് നാം സ്വീകരിക്കണം, എന്ത് നാം ഉപേക്ഷിക്കണം എന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.
ഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശവും ഈ വെളിച്ചത്തിലേക്കുള്ള യാത്രയിൽ മനുഷ്യസമത്വത്തിന്റെ ദീപമായി കാണാം. മനുഷ്യനെ മനുഷ്യനിൽ നിന്ന് വേർതിരിക്കുന്ന മതിലുകൾ ഉയരുമ്പോൾ സമൂഹം ഇരുട്ടിലേക്കാണ് നീങ്ങുന്നത്. ജാതി, വർഗം, മതം, ഭാഷ, സാമ്പത്തിക സ്ഥിതി,അധികാരം, അഹങ്കാരം തുടങ്ങിയ വ്യത്യാസങ്ങളെ മനുഷ്യന്റെ മൂല്യം നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളാക്കാതെ ഓരോ മനുഷ്യനിലും മനുഷ്യത്തത്തെ കാണുക എന്നതാണ് ഗുരുദർശനത്തിന്റെ മാനവികത. വ്യത്യാസങ്ങളെ നിഷേധിക്കുകയല്ല, അവയുടെ പേരിൽ മനുഷ്യനെ തരംതാഴ്ത്താതിരിക്കുക എന്നതാണ് അതിന്റെ പ്രധാന സന്ദേശങ്ങളിലൊന്ന്.
“അവനവൻ ആത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം” എന്ന ഗുരുവചനവും വെളിച്ചത്തിലേക്കുള്ള ജീവിതത്തിന്റെ മറ്റൊരു മാനദണ്ഡം നൽകുന്നു. സ്വന്തം നന്മയും മറ്റുള്ളവരുടെ നന്മയും തമ്മിൽ ബന്ധമുള്ളതാണെന്ന് തിരിച്ചറിയുന്നിടത്താണ് മനുഷ്യന്റെ സാമൂഹിക ബോധം വളരുന്നത്. മറ്റൊരാളുടെ കണ്ണീരിന് മുകളിലൂടെ സ്വന്തം സന്തോഷം പണിയുമ്പോൾ വ്യക്തിയുടെ വിജയം പോലും ഒരു ഇരുട്ടായി മാറുന്നു. എന്നാൽ സ്വന്തം കഴിവും സമ്പത്തും അറിവും മറ്റുള്ളവരുടെ ജീവിതത്തിൽ ചെറിയൊരു പ്രകാശമെങ്കിലും സൃഷ്ടിക്കാൻ ഉപയോഗിക്കുമ്പോൾ മനുഷ്യജീവിതത്തിന് മറ്റൊരു അർത്ഥം കൂടി ലഭിക്കുന്നു.
വെളിച്ചത്തിലേക്കുള്ള യാത്ര അതുകൊണ്ട് ഒരു വ്യക്തിയുടെ ആത്മീയ യാത്ര മാത്രമല്ല; ഒരു സമൂഹത്തിന്റെ കൂടി നൈതിക യാത്ര കൂടിയാണ്. ഒരു സമൂഹത്തിൽ നിയമങ്ങൾ ഉണ്ടാകാം, നിയമ സ്ഥാപനങ്ങൾ ഉണ്ടാകാം, വലിയ കെട്ടിടങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉണ്ടാകാം. എന്നാൽ നീതി, കരുണ, ഉത്തരവാദിത്വം, സത്യസന്ധത എന്നിവ ഇല്ലെങ്കിൽ ആ സമൂഹത്തിന്റെ അന്ധകാരം പുറംചട്ടയാകുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശത്തെ മാനിക്കുന്നിടത്താണ് അർത്ഥവത്താകുന്നത്. അധികാരം സേവനമായി മാറുമ്പോഴും സമ്പത്ത് പങ്കുവയ്ക്കാനുള്ള മനസ്സായി മാറുമ്പോഴും അറിവ് ജ്ഞാനമായി , മാറുമ്പോഴും സമൂഹത്തിൽ വെളിച്ചം പടരുന്നു.
ഇന്നത്തെ ലോകത്ത് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് സത്യം തിരിച്ചറിയുക എന്നത്. ഒരേ സംഭവത്തെക്കുറിച്ച് ഒട്ടനവധി വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നമ്മിലേക്ക് എത്തുന്നു. എന്നാൽ വിവരവും അറിവും ഒന്നല്ല, അറിവും വിവേകവും ഒന്നല്ല. കേട്ടതെല്ലാം വിശ്വസിക്കാതെ പരിശോധിക്കുക, വായിച്ചതെല്ലാം പ്രചരിപ്പിക്കുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക, വ്യത്യസ്ത അഭിപ്രായങ്ങളെ കേൾക്കുക,മാനിയ്ക്കുക. സാങ്കേതികവിദ്യയുടെ വെളിച്ചം മനുഷ്യന്റെ ചിന്തയെ പ്രകാശിപ്പിക്കണമെങ്കിൽ അതിനൊപ്പം ഉത്തരവാദിത്വവും, ശാരിയെ കണ്ടെത്തി മാനിയ്ക്കുവാനുള്ള വിവേകവും വേണം. ഇരുട്ടിനെ വെറുത്തുകൊണ്ട് മാത്രം വെളിച്ചം സൃഷ്ടിക്കാനാവില്ല. അനീതിയെ വെല്ലുവിളിയ്ക്കുമ്പോഴും,അജ്ഞതയെ എതിർക്കുമ്പോഴും,വിദ്വേഷത്തെ തോല്പിയ്ക്കുമ്പോഴും അത് നേരായ മാർഗ്ഗത്തിലൂടെ മാത്രമായിരുന്നാൽ മാത്രമേ അവിടെ താമസ്സിനെ ഇല്ലതെയാക്കുവാൻ കഴിയൂ.
ഇരുളും വെളിച്ചവും പ്രപഞ്ചത്തിലേതുപോലെ തന്നെയുള്ള മനസ്സിന്റെ കൂടി പ്രതിഭാസമാണ്. സത്യത്തിന്റെയും, ധർമ്മത്തിന്റെയും, കരുണയുടെയും, സമത്വത്തിന്റെയും പാതയിൽ സഞ്ചരിയ്ക്കുമ്പോൾ ഉണ്ടാകുന്ന തമസ്സുകളെ സംയണത്തോടെ നേരിട്ട് പരിഹരിയ്ക്കുമ്പോളാണ് തമസ്സുമാറി വെളിച്ചത്തിന്റെ നേരിയ കണങ്ങൾ ഒരു ജ്വവലയായി ഉടലെടുക്കുന്നത് .
