യുഎസ് സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണം, സമുദ്ര ഉപരോധം പിൻവലിക്കണം, മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകണം; നിബന്ധനകൾ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാമെന്ന് ടെഹ്റാൻ
ദോഹ (ഖത്തര്): മിഡിൽ ഈസ്റ്റിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളുടെ തീവ്രത കുറഞ്ഞതായി തോന്നുന്നതിനിടയിലും ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ ഘട്ടത്തിലേക്ക്. അമേരിക്ക ഏഴ് പ്രധാന നിബന്ധനകൾ അംഗീകരിച്ച് നടപ്പാക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്.
ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസിലെ തടസ്സം നീണ്ടുനിൽക്കുന്നത് ആഗോള ഊർജവിപണിക്കും എണ്ണവിലയ്ക്കും ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം, മേഖലയിൽ യുഎസ് നാവിക സാന്നിധ്യവും ഉപരോധ നടപടികളും തുടരുന്നതോടെ സംഘർഷം വീണ്ടും സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയും ഉയരുന്നു.
ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ഇടക്കാല ധാരണയിൽ ഉൾപ്പെടുത്തിയ ഏഴ് വ്യവസ്ഥകൾ പൂർണമായി നടപ്പാക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ഒരു മധ്യസ്ഥൻ മുഖേന അമേരിക്ക ഇറാന് പുതിയ നിർദേശം കൈമാറിയതിന് പിന്നാലെയാണ് ടെഹ്റാൻ നിലപാട് കൂടുതൽ കടുപ്പിച്ചത്.
“മാധ്യമങ്ങൾക്ക് മുന്നിൽ അമേരിക്ക ഒരു കാര്യം പറയുന്നു; മറവിൽ മറ്റൊരു നിർദേശമാണ് കൈമാറുന്നത്. ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനും ഏകപക്ഷീയ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കാനുമുള്ള കാലം കഴിഞ്ഞുവെന്ന് അവർ മനസ്സിലാക്കണം,” എന്നാണ് ഗാലിബാഫിന്റെ നിലപാട്.
ഇസ്ലാമാബാദിൽ രൂപപ്പെട്ട ധാരണയിലെ ഏഴ് വ്യവസ്ഥകൾ നടപ്പാക്കാതെ ഹോർമുസ് വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു.
സൈനിക നടപടികൾ പൂർണമായി അവസാനിപ്പിക്കുക, ഇറാനെതിരായ സമുദ്ര ഉപരോധം പിൻവലിക്കുക, പിടിച്ചെടുത്തതോ മരവിപ്പിച്ചതോ ആയ ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
ഇതിനൊപ്പം ഇറാന്റെ എണ്ണ-ഊർജ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക, രാജ്യത്തിന്റെ പരമാധികാര അവകാശങ്ങളെ അംഗീകരിക്കുക, ഇസ്ലാമാബാദ് ധാരണയിലെ വ്യവസ്ഥകൾ പാലിക്കുക, ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏകപക്ഷീയ സമ്മർദ്ദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ടെഹ്റാൻ മുന്നോട്ടുവയ്ക്കുന്നു.
സംഘർഷം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം വാഷിംഗ്ടണിനാണെന്ന രാഷ്ട്രീയ സന്ദേശം നൽകുന്നതിനൊപ്പം ഭാവിയിലെ ചർച്ചകൾക്ക് വ്യക്തമായ മുൻവ്യവസ്ഥകൾ നിശ്ചയിക്കാനുമാണ് ഇറാന്റെ നീക്കം.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി. അമേരിക്ക ഇറാന്റെ നിബന്ധനകൾ അംഗീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം വീണ്ടും തുറക്കാനാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ടെഹ്റാനിലെ വിദേശ അംബാസഡർമാരുമായി സംസാരിക്കവെ ഇറാന്റെ ആവശ്യങ്ങൾ ഇതിനകം വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും ഇനി അമേരിക്കയുടെ പ്രതികരണമാണ് നിർണായകമെന്നും അരഘ്ചി വ്യക്തമാക്കി.
അതേസമയം, വാഷിംഗ്ടൺ വീണ്ടും സൈനിക നടപടിയിലേക്ക് നീങ്ങിയാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“വാഷിംഗ്ടൺ നയതന്ത്രത്തിന്റെ വഴി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇറാൻ തയ്യാറാണ്,” എന്നായിരുന്നു അരഘ്ചിയുടെ മുന്നറിയിപ്പ്.
ഹോർമുസിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിപണിയിലും വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബ്രെന്റ് ക്രൂഡ് ബാരലിന് 102 ഡോളറിന് മുകളിലും WTI ഏകദേശം 92 ഡോളറിലും മർബൻ ക്രൂഡ് 110.8 ഡോളറിനടുത്തുമാണ് വ്യാപാരം നടക്കുന്നത്.
ഹോർമുസിലെ പ്രതിസന്ധി നീണ്ടുനിൽക്കുകയോ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും സൈനിക ഏറ്റുമുട്ടലിലേക്ക് മാറുകയോ ചെയ്താൽ എണ്ണവില കൂടുതൽ ഉയരാനും ഗൾഫ് മേഖലയിലെ കപ്പൽഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട്. ഇത് ആഗോള ഇന്ധനവില, ചരക്കുനീക്ക ചെലവ്, പണപ്പെരുപ്പം എന്നിവയിലേക്കും പ്രതിഫലിച്ചേക്കും.
ഇതോടെ ഹോർമുസ് കടലിടുക്ക് ഇനി അമേരിക്ക-ഇറാൻ തർക്കത്തിന്റെ മാത്രം കേന്ദ്രമല്ല; ആഗോള ഊർജസുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്ന നിർണായക സമ്മർദ്ദകേന്ദ്രമായി മാറുകയാണ്.
