ഇന്ത്യൻ വംശജരുടെ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സുമിയിലെ കുസും ഗ്രൂപ്പ് പ്ലാന്റിന് കനത്ത നാശം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, ആക്രമണത്തെ ശക്തമായി അപലപിച്ച് സെലെൻസ്‌കി

കീവ്: ഉക്രെയ്‌നിലെ ഇന്ത്യൻ വംശജരുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസും ഗ്രൂപ്പിന്റെ പ്ലാന്റിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമി നഗരത്തിലെ ഫാക്ടറിക്കാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായത്.

ആക്രമണത്തിൽ പ്ലാന്റിന്റെ പ്രധാന ഭാഗങ്ങൾ ഗുരുതരമായി തകർന്നതായാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഫാക്ടറി പരിസരത്തുനിന്ന് കനത്ത പുക ഉയരുന്നത് കാണാം. പരിക്കേറ്റവരുടെ എണ്ണം വർധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

1994-ൽ ഉക്രെയ്‌നിലേക്ക് ഇന്ത്യൻ മരുന്നുകൾ വിതരണം ചെയ്യുന്ന സ്ഥാപനമായാണ് കുസും ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയാണ് നിലവിൽ കമ്പനിയെ നയിക്കുന്നത്.

2002 മുതൽ സ്വന്തം ബ്രാൻഡിലുള്ള മരുന്നുകളുടെ വിപണനത്തിലേക്ക് കമ്പനി കടന്നു. തുടർന്ന് 2007-ൽ ഇന്ത്യയിലും 2009-ൽ ഉക്രെയ്‌നിലെ സുമിയിലും ഉൽപ്പാദന പ്ലാന്റുകൾ സ്ഥാപിച്ചു.

50-ലധികം മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന കുസും ഗ്രൂപ്പിന് ഉക്രെയ്ൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ഒമ്പതിലധികം രാജ്യങ്ങളിൽ വിപണിയുണ്ട്. ഇന്ത്യൻ വേരുകളുള്ള ഉക്രേനിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയെന്നാണ് കുസും ഗ്രൂപ്പ് സ്വയം വിശേഷിപ്പിക്കുന്നത്.

റഷ്യൻ ആക്രമണത്തെ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിച്ച അദ്ദേഹം, സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് ആരോപിച്ചു.

സുമിയിലെ ഫാർമസ്യൂട്ടിക്കൽ കേന്ദ്രത്തിന് പുറമെ കീവിലെ പിവ്‌നിച്‌നി പാലത്തിലും റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായതായി സെലെൻസ്‌കി പറഞ്ഞു. ഡിനിപ്രോയിലെ ഒരു ആശയവിനിമയ കേന്ദ്രവും ആക്രമിക്കപ്പെട്ടെന്നും അവിടെ ആറുപേർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം ആരംഭിച്ചതിനുശേഷവും സുമിയിലെ കുസും ഗ്രൂപ്പ് പ്ലാന്റ് പ്രവർത്തനം തുടർന്നിരുന്നു. പുതിയ ആക്രമണത്തിൽ ഫാക്ടറിക്ക് ഗുരുതരമായ നാശമുണ്ടായതായാണ് വിവരം. നഷ്ടത്തിന്റെ കൃത്യമായ തോത് വിലയിരുത്താനുള്ള നടപടികൾ തുടരുകയാണ്.

റഷ്യ സമീപകാലത്ത് ഉക്രെയ്‌നിനെതിരെ വലിയ തോതിൽ ഡ്രോണുകൾ വിന്യസിക്കുന്നുണ്ട്. അതിവേഗം വിന്യസിക്കാവുന്നതും താരതമ്യേന ചെലവുകുറഞ്ഞതുമായ ഷാഹെദ് വിഭാഗത്തിലുള്ള ഡ്രോണുകളുടെ വ്യാപക ഉപയോഗം ഉക്രെയ്‌നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഇതിനിടെ, ഏകദേശം 250 കിലോമീറ്റർ ദൂരപരിധിയുള്ള തദ്ദേശീയമായി വികസിപ്പിച്ച FP-7 ബാലിസ്റ്റിക് മിസൈൽ ആദ്യമായി യുദ്ധത്തിൽ ഉപയോഗിച്ചതായി ഉക്രെയ്ൻ ഈ ആഴ്ച പ്രഖ്യാപിക്കുകയും ചെയ്തു.

Leave a Comment

More News