‘ടിസിഎസിൽ ആരാണ് മാറ്റത്തിന് അംഗീകാരം നൽകിയത്? സമ്മർദ്ദമുണ്ടായിരുന്നോ?’; പുതിയ വോട്ടർ രജിസ്ട്രേഷൻ ഫോമിലെ മാറ്റത്തിൽ വിശദീകരണം തേടി പ്രതിപക്ഷ നേതാവ്
ന്യൂഡൽഹി: പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഓൺലൈൻ ഫോം 6ൽ വരുത്തിയ മാറ്റത്തെച്ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനോടും ടാറ്റ കൺസൾട്ടൻസി സർവീസസിനോടും (ടിസിഎസ്) ചോദ്യങ്ങളുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഫോം 6ൽ ‘നിയമവിരുദ്ധമായി’ മാറ്റം വരുത്തിയെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഈ മാറ്റം നടപ്പാക്കാൻ ടിസിഎസിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നിർദേശം നൽകിയത് ആരാണെന്നും കമ്പനിക്കുള്ളിൽ ആരാണ് അതിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷനിലെ തന്നെ കമ്മീഷണർമാർ രേഖപ്പെടുത്തിയ എതിർപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ ഫോം 6 നിയമവിരുദ്ധമായി മാറ്റിയതെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. മാറ്റം നടപ്പാക്കാൻ ടിസിഎസിന് നിർദേശം നൽകിയ വ്യക്തി ആരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ടിസിഎസിൽ ഈ മാറ്റത്തിന് അന്തിമ അംഗീകാരം നൽകിയതാര്, മാറ്റം നടപ്പാക്കാൻ കമ്പനിക്കുമേൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദമുണ്ടായിരുന്നോ എന്നീ ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ, പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്താൻ ഉപയോഗിക്കുന്ന ഫോം 6ന്റെ ഓൺലൈൻ പതിപ്പിൽ എസ്ഐആറുമായി ബന്ധപ്പെട്ട അധിക ഡിക്ലറേഷൻ ഉൾപ്പെടുത്തിയതാണ് പ്രധാന ചർച്ചാവിഷയം. അപേക്ഷകനോ കുടുംബാംഗങ്ങളോ മുൻകാല വോട്ടർപട്ടികയിൽ ഉണ്ടായിരുന്നോ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ട വ്യവസ്ഥയാണ് വിവാദത്തിലായത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിഷയത്തിൽ രൂക്ഷമായ ആരോപണം ഉന്നയിച്ചു. 2026 ജൂലൈ പകുതിയോടെ ഫോം 6ൽ കൊണ്ടുവന്ന മാറ്റം ഭരണഘടനാവിരുദ്ധമായിരുന്നുവെന്നും ‘ജനറേഷൻ Z’ വിഭാഗത്തിൽപ്പെട്ട വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി–കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും രമേശ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടപടികളിലെ ആരോപിത ക്രമക്കേടുകളും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവും (SIR) ചൂണ്ടിക്കാട്ടി പ്രതിപക്ഷ INDIA സഖ്യം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പുതിയ പ്രതികരണം. എല്ലാ ജില്ലകളിലും സംയുക്തമായി ‘ജനാധിപത്യത്തെ രക്ഷിക്കുക’ മാർച്ചുകളും അഞ്ച് പ്രധാന റാലികളും നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഭാവിയിലെ തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്ന ആവശ്യവും സഖ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
19 രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്ത മൂന്നര മണിക്കൂറിലേറെ നീണ്ട യോഗത്തിൽ ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശ്രദ്ധയിൽപ്പെടുത്താനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവും യോഗത്തിൽ ചർച്ചയായി. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം കൂടുതൽ ശക്തമായത്. ചില തീരുമാനങ്ങളും ഉത്തരവുകളും തങ്ങളുടെ അറിവോ ശുപാർശയോ കൂടാതെ പുറപ്പെടുവിച്ചുവെന്നാണ് കമ്മീഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, കമ്മീഷനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഏതൊരു സ്ഥാപനത്തിലെയും ചർച്ചകളുടെ സ്വാഭാവിക ഭാഗമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. കമ്മീഷന്റെ ഉത്തരവുകൾക്ക് നിയമപരമായ സാധുതയുണ്ടെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഫോം 6 പുതിയ വോട്ടർമാർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഔദ്യോഗിക അപേക്ഷയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ വോട്ടർ സേവന പോർട്ടലിലും പുതിയ വോട്ടർ രജിസ്ട്രേഷനായി ഫോം 6 ആണ് നൽകിയിരിക്കുന്നത്.
