എഫ്‌സിആർഎ ഭേദഗതി ബിൽ: ജെപിസി നടപടികൾ തിടുക്കത്തിലാക്കരുത്; സ്പീക്കർക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

ശീതകാല സമ്മേളനത്തിൽ ബിൽ പാസാക്കാൻ ധൃതിപിടിക്കുന്നുവെന്ന് ആശങ്ക; എൻജിഒകൾ മുതൽ സംസ്ഥാന സർക്കാരുകൾ വരെ എല്ലാ പങ്കാളികളെയും കേൾക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ–2026 പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കാനുള്ള നീക്കം നടക്കുന്നതായി ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിപുലവും അർത്ഥവത്തുമായ കൂടിയാലോചനകൾ നടത്തിയശേഷം മാത്രമേ ബിൽ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്ക് കൊണ്ടുവരാവൂവെന്നാണ് ആവശ്യം.

പങ്കാളികളുമായി ആവശ്യമായ ചർച്ചകൾ നടത്താതെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാൻ ശ്രമമുണ്ടെന്ന വിവരമാണ് ആശങ്കയ്ക്ക് കാരണമെന്ന് വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി. അത്തരമൊരു നീക്കമുണ്ടെങ്കിൽ ബിൽ ജെപിസിക്ക് വിട്ടതിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുമെന്നും സുപ്രധാനമായ പാർലമെന്ററി പരിശോധന വെറും ഔപചാരിക നടപടിയായി ചുരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ജെപിസി പൊതു അറിയിപ്പ് നൽകി രേഖാമൂലമുള്ള അഭിപ്രായങ്ങളും മെമ്മോറാണ്ടങ്ങളും ക്ഷണിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. എൻജിഒകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, മതസംഘടനകൾ, സന്നദ്ധ സംഘടനകൾ, നിയമവിദഗ്ധർ, സംസ്ഥാന സർക്കാരുകൾ തുടങ്ങി നിയമഭേദഗതി ബാധിക്കാവുന്ന എല്ലാ വിഭാഗങ്ങളിൽ നിന്നും വാക്കാലുള്ള തെളിവുകളും അഭിപ്രായങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനായി സമിതിക്ക് മതിയായ സമയം അനുവദിക്കണം. ആവശ്യമെങ്കിൽ ജെപിസി റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം. ഓരോ വ്യവസ്ഥയും പ്രത്യേകം പരിശോധിച്ച് വിശദമായ ചർച്ച നടത്താൻ അംഗങ്ങൾക്ക് അവസരം നൽകണമെന്നും സമഗ്രമായ പരിശോധന പൂർത്തിയാകുന്നതുവരെ ബിൽ സഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരരുതെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

2026 മാർച്ച് 25നാണ് എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെ ഓഗസ്റ്റ് 12ന് ബിൽ 31 അംഗ ജെപിസിയുടെ വിശദമായ പരിശോധനയ്ക്ക് വിട്ടു. ശീതകാല സമ്മേളനത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബില്ലിലെ ചില നിർദേശങ്ങൾ എൻജിഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നാണ് വേണുഗോപാലിന്റെ വാദം. സ്കൂളുകൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവ രാജ്യത്തിന്റെ അടിസ്ഥാനതലത്തിലുള്ള സാമൂഹികക്ഷേമ-വികസന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കൂടുതൽ വ്യക്തികളിലേക്ക് വ്യാപിപ്പിക്കുക, രജിസ്ട്രേഷൻ റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സ്ഥാപനങ്ങളുടെ ഫണ്ടുകളും ആസ്തികളും സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിക്ക് കൈമാറാനുള്ള വ്യവസ്ഥകൾ കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

ഒരു ബിൽ ജെപിസിക്ക് വിടുന്നതിന്റെ അടിസ്ഥാന ലക്ഷ്യം വിശാലമായ കൂടിയാലോചനയും ആഴത്തിലുള്ള പാർലമെന്ററി പരിശോധനയുമാണെന്ന് വേണുഗോപാൽ വ്യക്തമാക്കി. ബന്ധപ്പെട്ട സംഘടനകൾ, നിയമവിദഗ്ധർ, സംസ്ഥാന സർക്കാരുകൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ വിശദമായി കേട്ടശേഷം പോരായ്മകൾ പരമാവധി പരിഹരിച്ച നിയമനിർമാണം സഭയ്ക്ക് മുന്നിലെത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജെപിസിയുടെ പരിശോധനയിൽ നിന്ന് പുറത്തുവരുന്ന ബിൽ സമഗ്രമായ കൂടിയാലോചനാ പ്രക്രിയയിലൂടെ കടന്നുപോയതാണെന്ന് പാർലമെന്റിന് ഉറപ്പുണ്ടാകണം. അത്തരമൊരു പരിശോധന ഉറപ്പാക്കാതെയുള്ള ജെപിസി നടപടികൾ അർത്ഥശൂന്യമാകുമെന്നും വേണുഗോപാൽ വിമർശിച്ചു.

ജെപിസിയിലെ മറ്റ് പ്രതിപക്ഷ അംഗങ്ങളും പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട സംഘടനകളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കാൻ നൽകിയ സമയപരിധി അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സമിതിയുടെ ഒക്ടോബർ 12ലെ യോഗം കുറഞ്ഞത് നാലാഴ്ചത്തേക്ക് മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഡിഎംകെ എംപി പി. വിൽസൺ, നിർദേശങ്ങൾക്കൊപ്പം എതിർപ്പുകളും സമിതി ഔദ്യോഗികമായി ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിയമങ്ങൾ മതിയായ ചർച്ചയ്ക്കും പരിശോധനയ്ക്കും ശേഷമാണ് രൂപപ്പെടുന്നതെന്ന വിശ്വാസമാണ് പാർലമെന്ററി സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസത്തിന്റെ അടിത്തറയെന്നും, ജെപിസി രൂപീകരിച്ചതിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റാൻ സ്പീക്കർ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.

Leave a Comment

More News