മഴത്തുലാസ് (കവിത): സതീഷ് മഠത്തില്‍

വടക്കുകിഴക്കൻ കാറ്റിൻ വിരൽത്തുമ്പിൽ
തുലാമേഘം തൂക്കി നോക്കുന്നു ഭൂമിയെ;
ഒരു തട്ടിൽ വെയിലിൻ ദാഹമൂർച്ഛ,
മറുതട്ടിൽ മാനത്തിൻ ജലഭാരം.

ഉച്ചവെയിലിൻ വിണ്ടുകീറിയ ചുണ്ടിൽ
മിന്നൽ ഒരു നാഡീമിടിപ്പായ് പായുമ്പോൾ,
തുലാസിൻ സൂചി വിറകൊള്ളുന്നു തുടരെ,
തീർപ്പാകാതെ നിൽക്കുന്നു നിമിഷം.

ഒടുവിൽ തളർന്നു വെയിൽ പിൻവാങ്ങവേ
മണ്ണിന്റെ പഴയ കടം വീട്ടാനെന്നപോൽ
ആദ്യമഴത്തുള്ളി മണ്ണിൽ വീണുടയുന്നു,
ഒരു നെടുവീർപ്പിന്റെ ഗന്ധം ഉയരുന്നു.

ഇലത്തുമ്പിൽ നിന്നിലത്തുമ്പിലേക്ക്
മഴത്തുള്ളി ഊഞ്ഞാലാടി രസിക്കുന്നു;
ഇലയാം തുലാസിൽ തങ്ങിനിന്നൊടുവിൽ
നിലത്തിന്റെ മാറിൽ പതിയെ പതിക്കുന്നു.

സന്ധ്യ തൻ തട്ടിൽ ചെമ്പനീർ ചാലിച്ചു
പകലിൻ തൂക്കം തീർത്തു മടങ്ങവേ;
ഇരുട്ടിന്റെ ആഴങ്ങളിൽ രാവു മുങ്ങവേ
രാവിൻ കനം കുറയ്ക്കാൻ ദീപം തെളിയുന്നു.

ദുഃഖവും സുഖവും തുലാസിലെന്നപോൽ
പെയ്യുന്നു മാനം, നിറയുന്നു മണ്ണും;
വിറകൊണ്ടൊരു സൂചി അടങ്ങിനിൽക്കെ,
മനുഷ്യഹൃദയമായ് മാറുന്നു തുലാമാസം!

Leave a Comment

More News