കുവൈത്ത്: രാജ്യത്ത് താമസിക്കുന്നവർക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകുന്ന കാലാവസ്ഥാ മാറ്റത്തിന് സാധ്യത. വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. മഴയ്ക്കും ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ധിറാർ അൽ അലി പറയുന്നതനുസരിച്ച്, കാലാവസ്ഥാ ഭൂപടങ്ങളും പ്രവചന മാതൃകകളും കുവൈത്തിൽ ഇന്ത്യൻ മൺസൂൺ ന്യൂനമർദ മേഖലയുടെ സ്വാധീനം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ഈർപ്പവും ചൂടും ഉയരാനിടയുണ്ടെങ്കിലും മഴ ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം, 2026 ഒക്ടോബർ 2 വെള്ളിയാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 4 ഞായറാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ കൊടുങ്കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.
പരമാവധി താപനില 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കാം. കുറഞ്ഞ താപനില 24 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്.
കാറ്റിന്റെ ശക്തിയിലും ദിശയിലും മാറ്റമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നേരിയതോ മിതമായതോ ആയ കാറ്റ് തെക്കുകിഴക്കൻ ദിശയിലേക്ക് മാറാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം വർധിക്കുന്ന സാഹചര്യത്തിൽ കടലിൽ തിരമാലകൾ ആറടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലും കടലിലും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ ചൂടും ഉയർന്ന ഈർപ്പവും തുടരാനിടയുണ്ട്. ബുധനാഴ്ച രാത്രിയോടെ ആപേക്ഷിക ആർദ്രത 65 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ഒക്ടോബർ 4 ഞായറാഴ്ച രാവിലെയും തുടരാനിടയുള്ളതിനാൽ ദൃശ്യപരിധി കുറയാം. വാഹനമോടിക്കുന്നവർ ഉൾപ്പെടെയുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.
കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് പൗരന്മാരും പ്രവാസികളും ഔദ്യോഗിക കാലാവസ്ഥാ വിവരങ്ങൾ നിരന്തരം പരിശോധിക്കണമെന്ന് വകുപ്പ് നിർദേശിച്ചു. കൃത്യമായ മുന്നറിയിപ്പുകൾക്കും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കുമായി കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ ചാനലുകൾ എന്നിവ പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
