ആദ്യദിനം മുൻ നിയമസഭാ സെക്രട്ടറി ശാരംഗധരനെ വിസ്തരിക്കും; വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറുപേർ പ്രതികൾ
തിരുവനന്തപുരം: ഏറെ ചർച്ചയായ നിയമസഭാ കയ്യാങ്കളി കേസ് 11 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണ ഘട്ടത്തിലേക്ക്. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കും.
കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെയാണ് ആദ്യദിനം കോടതി വിസ്തരിക്കുക. വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയിൽ സംഘർഷമുണ്ടായത്. ബജറ്റ് അവതരണം തടയാനുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
സ്പീക്കറുടെ വേദിയിലേക്ക് കയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ തുടങ്ങിയവ തകർത്തതിലൂടെ ഏകദേശം 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസിലെ ആരോപണം.
പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേസ് പിൻവലിക്കാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ഇതിനായുള്ള ഹർജികൾ തള്ളി.
തുടർന്ന് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2021 ജൂലൈയിൽ കേസ് പിൻവലിക്കാനുള്ള അപ്പീലും സുപ്രീം കോടതി തള്ളി. ഇതോടെയാണ് വിചാരണ തുടരുന്നതിനുള്ള വഴി തെളിഞ്ഞത്.
ക്രൈംബ്രാഞ്ചാണ് കേസിൽ തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ നിയമപോരാട്ടങ്ങൾ വിവിധ കോടതികളിലൂടെ നീണ്ടതോടെയാണ് സംഭവം നടന്ന് 11 വർഷത്തിന് ശേഷം കേസ് വിചാരണ ഘട്ടത്തിലെത്തുന്നത്.
