രാഷ്ട്രീയ-മാധ്യമ രംഗത്തെ സംഭവവികാസങ്ങളിൽ ആശങ്ക; ജനാധിപത്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന് റിയാദിലെ അനുസ്മരണ യോഗം
റിയാദ്: കേരളത്തിലെ നിലവിലെ രാഷ്ട്രീയ-മാധ്യമ അന്തരീക്ഷത്തിലെ ചില സംഭവവികാസങ്ങൾ, മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെട്ട കാലഘട്ടത്തിലെ ജനാധിപത്യവിരുദ്ധ സാഹചര്യങ്ങളെ ഓർമിപ്പിക്കുന്നതാണെന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. അഴീക്കോടൻ രാഘവന്റെ 54-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ഉയർന്നത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിലൊരാളായ അഴീക്കോടൻ രാഘവൻ 1972 സെപ്റ്റംബർ 23നാണ് കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരുന്നു. അദ്ദേഹത്തിന്റെ 54-ാം രക്തസാക്ഷിത്വ ദിനം 2026 സെപ്റ്റംബർ 23ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ആചരിച്ചു.
തൊഴിലാളി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അഴീക്കോടൻ രാഘവൻ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ രംഗത്ത് വിവിധ ചുമതലകൾ വഹിച്ചു. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനം. 1946ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായ അദ്ദേഹം പിന്നീട് മലബാർ ട്രേഡ് യൂണിയൻ കൗൺസിൽ സെക്രട്ടറി, പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. 1967ൽ ഐക്യമുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി.
അഴീക്കോടന്റെ രാഷ്ട്രീയ ജീവിതവും രക്തസാക്ഷിത്വവും കേവലം ചരിത്രസ്മരണയായി മാത്രം കാണാനാകില്ലെന്നും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തി ഓർമപ്പെടുത്തുന്നതാണെന്നും അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഭരണാധികാരികളെ വിമർശിക്കുന്ന വാർത്തകളുടെയും രാഷ്ട്രീയ നിലപാടുകളുടെയും പേരിൽ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുവെന്ന ആരോപണം ഗൗരവത്തോടെ കാണണമെന്ന് കേളി ഭാരവാഹികൾ പറഞ്ഞു.
മാധ്യമ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷൻ കാർഡുകൾ നീക്കം ചെയ്യുന്നതും ന്യൂസ് റൂമുകളിൽ പരിശോധന നടത്തുന്നതും വാർത്താ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകളുമെല്ലാം ജനാധിപത്യ സമൂഹത്തിൽ തുറന്ന ചർച്ചയ്ക്ക് വിധേയമാകേണ്ട വിഷയങ്ങളാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും വിമർശനാത്മകമായ വാർത്തകളെ ഭരണകൂടവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രസംഗകർ ആവശ്യപ്പെട്ടു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ ജനാധിപത്യപരമായി നേരിടുന്നതിനുപകരം നിയമനടപടികളും ഭരണകൂട സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിക്കുന്ന പ്രവണതകൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നായിരുന്നു യോഗത്തിൽ ഉയർന്ന മറ്റൊരു വിമർശനം.
അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ ജനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അഴീക്കോടൻ രാഘവനെന്ന് അനുസ്മരണ യോഗം വിലയിരുത്തി. തൊഴിലാളികളെയും കർഷകരെയും സാധാരണ ജനവിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായും പ്രസംഗകർ അനുസ്മരിച്ചു.
രാഷ്ട്രീയ എതിർപ്പുകളെ അടിച്ചമർത്താതെ അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമുള്ള ജനാധിപത്യ ഇടം ഉറപ്പാക്കുകയാണ് അഴീക്കോടന്റെ സ്മരണ മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും കേളി അഭിപ്രായപ്പെട്ടു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗം സെബിൻ ഇഖ്ബാൽ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, ബത്ത ഏരിയ രക്ഷാധികാരി സമിതി അംഗം കെ.ടി. മുഹമ്മദ് ബഷീർ അമരമ്പലം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ സ്വാഗതവും ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
