പ്രവാസി വെല്‍ഫെയര്‍ സെവന്‍സ് ഫുട്‌ബോള്‍ തിരുവമ്പാടി ജേതാക്കള്‍

പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇന്റര്‍മണ്ഡലം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ തിരുവമ്പാടി ടീം സംഘാടകരോടൊപ്പം

ദോഹ: പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇന്റര്‍മണ്ഡലം സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തിരുവമ്പാടി മണ്ഡലം ജേതാക്കളായി. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്‍നമെന്റിലെ ഫൈനലില്‍ കോഴിക്കോട് നോര്‍ത്തിനെ പരാജയപ്പെടുത്തിയാണ്‌ തിരുവമ്പാടി കപ്പുയര്‍ത്തിയത്. പേരാമ്പ്ര, കൊടുവള്ളി ടീമുകളെ യഥാക്രമം പരാജയപ്പെടുത്തിയാണ്‌ ഇരു ടീമുകളും ഫൈനലിലേക്ക് പ്രവേശിച്ചത്.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ മാനേജിംഗ് കമ്മിറ്റിയംഗം അസീം എം.ടി എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ്‌മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ വടക്കാങ്ങര, സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സംസ്ഥാന കമ്മറ്റി അംഗളായ ഷാഫി മൂഴിക്കല്‍, സാദിഖ് ചെന്നാടൻ, മുഹമ്മദ്റാഫി, വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം മുൻ പ്രസിഡൻ്റ് കാസിം എം.കെ എന്നിവര്‍ വിവിധ മത്സരങ്ങള്‍ക്കു മുമ്പായി കളിക്കാരുമായി പരിചയപ്പെട്ടു.

വക്‌റ ബര്‍വ വില്ലേജില്‍ നടന്ന മത്സരങ്ങള്‍ക്ക് ജില്ലാ പ്രസിഡണ്ട് റാസിഖ് നാരങ്ങോളി, ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന, സ്പോർട്സ് കൺവീനർ മജീദ് ആപ്പറ്റ, സെക്രട്ടറിമാരായ മുഹ്‌സിന്‍ ഓമശ്ശേരി, അംജദ് കൊടുവള്ളി സംഘാടക സമിതിയംഗങ്ങളായ ഫൈസൽ വി.ടി, സൈനുദ്ദീൻ നാദാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Related posts