ഹ്യൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമ്മ സെന്ററിൽ സംഘടിപ്പിച്ച “കൊയ്ത്തുത്സവം 2026” വിവിധ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച ആഘോഷങ്ങളിൽ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗങ്ങൾ,സെൻറ്. പീറ്റേഴ്സ് മലങ്കര കാതലിക് ചർച്ച്, സെന്റ്. തോമസ് സിഎസ്ഐ ചർച്ച്,ജെസിക്കയുടെ നേതൃത്വത്തിൽ ഹോപ്പ് കുട്ടികൾ, എന്നിവർ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.
കൊയ്ത്തുത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ട ഇഫാൻ എസ് യു വി ഡോ. ജെഫ്രി ഈപ്പന് ലഭിച്ചു. നറുക്കെടുപ്പ് ചടങ്ങ് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.
റവ. ഡോ. ജോൺ ജോസഫ്, റവ. ജോൺ വിൽസൺ എന്നിവരുടെയും ഇടവക ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
ആഘോഷത്തിന് സ്പോൺസർഷിപ്പ് നൽകി സഹായിച്ച എല്ലാവരെയും ഇടവക വികാരി പ്രത്യേകം അഭിനന്ദിച്ചു.
അനുഗ്രഹങ്ങൾക്കായി ദൈവത്തോടുള്ള നന്ദിയും വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയും വിളിച്ചോതിയ ആഘോഷത്തിൽ കാർഷിക വിളവെടുപ്പ് ലേലവും, ഇമ്മാനുവേൽ ഇടവകയിലെ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളുടെ ഫുഡ് സ്റ്റാളുകളും, കലാപരിപാടികളും അരങ്ങേറി.
നിഷക്കൊച്ചമ്മയുടെ നേതൃത്വത്തിൽ ചിക്കൻ ഫ്രൈ, ആലൂ പൊറോട്ട, ബജി, മറ്റു ഗ്രൂപ്പുകളുടെ തട്ടുകടയിൽ ദോശ, മസാല ദോശ, പൊറോട്ട, ബീഫ് കറി കപ്പ ബിരിയാണി, ചക്കപ്പുഴുക്ക്, ബാർബിക്യു ചിക്കൻ, മീൻ പൊള്ളിച്ചത്, ഉഴുന്നുവട, പരിപ്പ് വട, ഏത്തയ്ക്കാപ്പം,സേവികാ സംഘത്തിൻറെ ഇലയപ്പം, കൊഴുക്കട്ട, സൺഡേസ്കൂൾ കുട്ടികളുടെ സ്പെഷ്യൽ ഫുഡ് കൗണ്ടർ, തുടങ്ങി ജോളി കൊച്ചമ്മയുടെ കരിക്കിൻ പുഡ്ഡിംഗ് വരെയുണ്ടായിരുന്നു.
സൺഡേ സ്കൂൾ കുട്ടികളുടെ ‘ഹല്ലേലൂയാ നൈറ്റ്’ എന്ന പരിപാടി പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ആത്മീയ ചൈതന്യവും കലാപരിപാടികളും സൗഹൃദസംഗമവും ഒത്തുചേർന്ന കൊയ്ത്തുത്സവം ഇടവകാംഗങ്ങൾക്ക് അവിസ്മരണീയമായ അനുഭവമായി. ഇടവകയുടെ കൂട്ടായ പ്രവർത്തനവും സഹകരണവുമാണ് പരിപാടിയുടെ വൻ വിജയത്തിന് കരുത്തേകിയത്.
ബീന കളത്തൂർ, അനി ജോജി എന്നിവർ എംസിമാരായി പ്രവർത്തിച്ചു. ജോൺ ഫിലിപ്പ് സ്വാഗതവും, ചെറിയാൻ മാത്യു നന്ദിയും അർപ്പിച്ചു.

