വാഷിംഗ്ടൺ: ഭൂമിക്കും ചൊവ്വയ്ക്കും തമ്മിൽ സവിശേഷമായ ഒരു ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ. ഏകദേശം 450 കോടി വർഷങ്ങൾക്ക് മുമ്പ് സൗരയൂഥത്തിലെ ഒരേ പൊടിപടലങ്ങളിൽനിന്നും വാതകമേഘങ്ങളിൽനിന്നുമാണ് ഇരു ഗ്രഹങ്ങളും രൂപപ്പെട്ടത്. ഈ പൊതുവായ ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയെയും ചൊവ്വയെയും ഒരേ അമ്മയുടെ മക്കളായി വിശേഷിപ്പിക്കാമെങ്കിലും, അവയുടെ രൂപീകരണരീതികളിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഡെൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഭൂമിയുടെയും ചൊവ്വയുടെയും രൂപീകരണചരിത്രത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഒരേ സൗരയൂഥത്തിൽ രൂപംകൊണ്ട അയൽഗ്രഹങ്ങളാണെങ്കിലും ഇവയുടെ വളർച്ചയും പരിണാമവും വ്യത്യസ്തമായ പ്രക്രിയകളിലൂടെയായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
കോപ്പൻഹേഗൻ സർവകലാശാലയിലെ ഗ്ലോബ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ആൻഡേഴ്‌സ് ജോഹാൻസണും അസിസ്റ്റന്റ് പ്രൊഫസർ ഹയാങ് വാങും നേതൃത്വം നൽകിയ പഠനം, സമീപസ്ഥ ഗ്രഹങ്ങൾ സമാനമായ രീതിയിലാണ് രൂപംകൊണ്ടതെന്ന ദീർഘകാല ശാസ്ത്രീയ അനുമാനങ്ങൾക്ക് പുതിയ വെല്ലുവിളി ഉയർത്തുന്നു.
ഗ്രഹങ്ങളുടെ രൂപീകരണത്തിൽ പ്രധാനമായും രണ്ട് പ്രക്രിയകളാണ് നിർണായക പങ്കുവഹിക്കുന്നതെന്ന് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. ചെറിയ കല്ലുകളും പൊടിപടലങ്ങളും ക്രമേണ കൂടിച്ചേർന്ന് വലിയ ഘടനകളായി മാറുന്ന ‘പെബിൾ അക്രീഷൻ’ എന്ന പ്രക്രിയയാണ് ആദ്യത്തേത്. കിലോമീറ്ററുകളോളം വലിപ്പമുള്ള വലിയ ഖരവസ്തുക്കൾ അഥവാ ‘പ്ലാനറ്റിസിമലുകൾ’ പരസ്പരം കൂട്ടിയിടിച്ച് ഒന്നിച്ചു ചേരുന്നതാണ് രണ്ടാമത്തേത്.
പഠനത്തിലെ കണക്കുകൾ പ്രകാരം ഭൂമിയുടെ മൊത്തം പിണ്ഡത്തിന്റെ ഏകദേശം 75 ശതമാനവും ചെറിയ കല്ലുകളും മറ്റ് ഖരപദാർഥങ്ങളും ക്രമേണ കൂടിച്ചേർന്നാണ് രൂപപ്പെട്ടത്. ശേഷിക്കുന്ന 25 ശതമാനം വലിയ പാറക്കൂട്ടങ്ങളുടെയും പ്രാരംഭ ഗ്രഹസമാന വസ്തുക്കളുടെയും കൂട്ടിയിടികളിലൂടെയാണ് ഉണ്ടായതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
എന്നാൽ, ചൊവ്വയുടെ രൂപീകരണത്തിൽ ഇതിന് നേർവിപരീതമായ സാഹചര്യമാണ് നിലനിന്നിരുന്നത്. ചൊവ്വയുടെ മൊത്തം പിണ്ഡത്തിന്റെ ഏകദേശം 75 ശതമാനവും കിലോമീറ്ററുകളോളം വലിപ്പമുള്ള വലിയ ഖരവസ്തുക്കളുടെ ശക്തമായ കൂട്ടിയിടികളിലൂടെയാണ് രൂപപ്പെട്ടതെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ചെറിയ കല്ലുകൾ ക്രമേണ കൂടിച്ചേരുന്ന പ്രക്രിയയിലൂടെ രൂപപ്പെട്ടത് ഏകദേശം 25 ശതമാനം മാത്രമാണെന്നും ഗവേഷകർ വിലയിരുത്തുന്നു.
ഭൂമിയുടെയും ചൊവ്വയുടെയും രൂപീകരണത്തിലെ ഈ വ്യത്യാസങ്ങൾ കണ്ടെത്തുന്നതിനായി ഗവേഷകർ വിപുലമായ കമ്പ്യൂട്ടർ സിമുലേഷനുകളും അസ്ഥിര മൂലകങ്ങളുടെ വിശദമായ വിശകലനവും പ്രയോജനപ്പെടുത്തി. ഗ്രഹങ്ങളുടെ ആദ്യകാല വളർച്ചയിൽ വിവിധ വസ്തുക്കൾ എങ്ങനെ സംഭാവന നൽകിയെന്നും അവയുടെ പിണ്ഡം വർധിച്ചതെങ്ങനെയെന്നും മനസ്സിലാക്കാൻ ഈ രീതികൾ സഹായിച്ചു.
ഒരേ സൗരയൂഥത്തിൽ, ഏകദേശം ഒരേ കാലഘട്ടത്തിൽ രൂപപ്പെട്ട ഗ്രഹങ്ങൾക്കുപോലും വ്യത്യസ്തമായ രൂപീകരണചരിത്രങ്ങളുണ്ടാകാമെന്നതാണ് പഠനം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം. ഭൂമിയും ചൊവ്വയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനൊപ്പം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഉത്ഭവവും പരിണാമവും സംബന്ധിച്ച ഗവേഷണങ്ങൾക്കും ഈ കണ്ടെത്തലുകൾ പുതിയ സാധ്യതകൾ തുറക്കുകയാണ്.
