വാഷിംഗ്ടൺ: വാഷിംഗ്ടണിലെ ഏറ്റവും സ്വാധീനമുള്ള 300 വനിതകളെ ഉൾപ്പെടുത്തി വാഷിംഗ്ടോണിയൻ പ്രസിദ്ധീകരിച്ച 2026-ലെ പട്ടികയിൽ ഒമ്പത് ഇന്ത്യൻ അമേരിക്കൻ വനിതകൾ ഇടം നേടി. രാഷ്ട്രീയം, നിയമം, ബിസിനസ്, ജീവകാരുണ്യ പ്രവർത്തനം, ആരോഗ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അമേരിക്കയുടെ സെക്കൻഡ് ലേഡി ഉഷ വാൻസ്, വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മി, മെരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ അരുണ മില്ലർ, ഡി.സി. സർക്യൂട്ട് ജഡ്ജി നിയോമി റാവു, സിവിൽ റൈറ്റ്സ് വിഭാഗം അസിസ്റ്റന്റ് യു.എസ്. അറ്റോർണി ജനറൽ ഹർമീത് ധില്ലന്, ബേക്കർ ടില്ലി എക്സിക്യൂട്ടീവ് മോണിക്ക മോദി ദൽവാഡി, ക്യാപിറ്റൽ ഏരിയ ഫുഡ് ബാങ്ക് പ്രസിഡന്റും സി.ഇ.ഒയുമായ രാധ മുത്തയ്യ, ഇന്നോവ എക്സിക്യൂട്ടീവ് റീന ബൻസാൽ, വോക്സ് എഡിറ്റർ ഇൻ ചീഫും പബ്ലിഷറുമായ സ്വാതി ശർമ്മ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ അമേരിക്കൻ വനിതകൾ.
വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് തങ്ങളുടെ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്നവരെയും സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നവരെയും ആളുകളെ ഒരുമിപ്പിക്കുന്നവരെയും മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നവരെയും പട്ടികയിലേക്ക് തിരഞ്ഞെടുത്തതെന്ന് വാഷിംഗ്ടോണിയൻ വ്യക്തമാക്കി.
ഉഷ വാൻസിനെ ദേശീയ രാഷ്ട്രീയം വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗസാല ഹാഷ്മിയും അരുണ മില്ലറും പ്രാദേശിക രാഷ്ട്രീയം വിഭാഗത്തിൽ ഇടം നേടി.
നിയോമി റാവുവും ഹർമീത് ധില്ലണും നിയമരംഗത്തെ ശക്തരായ വനിതകൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. യു.എസ്. കോർട്ട് ഓഫ് അപ്പീൽസിന്റെ ഡി.സി. സർക്യൂട്ട് ജഡ്ജിയാണ് നിയോമി റാവു. ഹർമീത് ധില്ലൺ സിവിൽ റൈറ്റ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് യു.എസ്. അറ്റോർണി ജനറലാണ്.
ബിസിനസ് വിഭാഗത്തിൽ, ബേക്കർ ടില്ലിയുടെ ഈസ്റ്റേൺ റീജിയൻ മാനേജിങ് പ്രിൻസിപ്പലായ മോണിക്ക മോദി ദൽവാഡിയാണ് ഇടം നേടിയത്.
ക്യാപിറ്റൽ ഏരിയ ഫുഡ് ബാങ്കിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ രാധ മുത്തയ്യയെ സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ പ്രവർത്തനം, മതം എന്നീ മേഖലകൾ ഉൾപ്പെടുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്നോവ അലക്സാണ്ട്രിയ ഹോസ്പിറ്റലിന്റെ പ്രസിഡന്റും ഇന്നോവയുടെ സീനിയർ വൈസ് പ്രസിഡന്റുമായ റീന ബൻസാൽ മെഡിസിൻ വിഭാഗത്തിൽ ഇടം നേടി.
വോക്സിന്റെ എഡിറ്റർ ഇൻ ചീഫും പബ്ലിഷറുമായ സ്വാതി ശർമ്മയെ മാധ്യമ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വാഷിംഗ്ടണിൽ ഒരു വനിതയെ ‘ശക്തയായ’ വ്യക്തിയായി കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ കാലക്രമേണ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് വാഷിംഗ്ടോണിയൻ ചൂണ്ടിക്കാട്ടി. സർക്കാർ, ഉന്നത എക്സിക്യൂട്ടീവ് പദവികൾ, മാധ്യമ സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയ മേഖലകളിൽ വനിതകൾ ഇന്ന് കൂടുതൽ നേതൃത്വ സ്ഥാനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരണം വ്യക്തമാക്കി.
രാഷ്ട്രീയമായി തീർത്തും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന വനിതകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. MAGA പ്രസ്ഥാനവുമായി യോജിച്ചുനിൽക്കുന്നവരും ട്രംപ് ഭരണകൂടത്തെ എതിർക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു.
അവരുടെ നേട്ടങ്ങളെയോ രാഷ്ട്രീയ നിലപാടുകളെയോ വിലയിരുത്തുകയോ വിധിയെഴുതുകയോ ചെയ്യാതെ, വാഷിംഗ്ടണിൽ യഥാർത്ഥ സ്വാധീനം ചെലുത്തുന്ന വനിതകളെ ഉയർത്തിക്കാട്ടുകയാണ് പട്ടികയുടെ ലക്ഷ്യമെന്ന് വാഷിംഗ്ടോണിയൻ വ്യക്തമാക്കി.
