രാജി പ്രഖ്യാപനം പിൻവലിച്ചതോടെ ബിജെപിക്ക് താൽക്കാലിക ആശ്വാസം; പാർട്ടിയോടുള്ള അതൃപ്തിയല്ല തീരുമാനത്തിന് കാരണമെന്ന് നേതൃത്വം വ്യക്തമാക്കും
തിരുവനന്തപുരം: കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. ശ്രീലേഖയുടെ അപ്രതീക്ഷിത രാജിനീക്കം പാർട്ടിക്കുള്ളിൽ ചർച്ചയായ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് സംസാരിക്കുന്നത്.
പാർട്ടിയോടുള്ള അതൃപ്തിയോ സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങളോ അല്ല, ആരോഗ്യപ്രശ്നങ്ങളാണ് രാജിയെക്കുറിച്ച് ആലോചിക്കാൻ കാരണമായതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. ഇക്കാര്യം ശ്രീലേഖയും പാർട്ടി നേതൃത്വവും സംയുക്തമായി പൊതുജനങ്ങളെ അറിയിക്കാനാണ് ആലോചന. ഫെയ്സ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ വിശദീകരണം പുറത്തുവിടാനാണ് സാധ്യത.
കൗൺസിലർ സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച് ശ്രീലേഖ നേരത്തെ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പങ്കുവച്ചിരുന്നു. ഈ വിവരം പുറത്തുവന്നതോടെ ബിജെപി നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി സംസാരിച്ചതിന് പിന്നാലെയാണ് രാജി തീരുമാനത്തിൽ നിന്ന് അവർ പിന്മാറിയത്.
രാജി പ്രഖ്യാപനം പിൻവലിച്ചത് ബിജെപിക്ക് താൽക്കാലിക ആശ്വാസമായെങ്കിലും വിഷയം രാഷ്ട്രീയമായി വീണ്ടും ഉയർന്നുവരാനുള്ള സാധ്യത നേതൃത്വം ഗൗരവത്തോടെ കാണുന്നുണ്ട്. പ്രത്യേകിച്ച് രാജി പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങൾ ഉയരാതിരിക്കാനാണ് ആരോഗ്യപ്രശ്നങ്ങളാണ് യഥാർഥ കാരണമെന്ന് പരസ്യമായി വിശദീകരിക്കാൻ നേതൃത്വം ഒരുങ്ങുന്നത്.
രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ശ്രീലേഖ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ബിജെപിയിലെ മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി അവരെ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തു. ശ്രീലേഖ ഉന്നയിച്ച വിഷയങ്ങളും ബുദ്ധിമുട്ടുകളും പരിശോധിച്ച് പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയതായാണ് വിവരം.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി, കൗൺസിലർ എന്ന നിലയിലെ പ്രവർത്തനം, വാർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് തുടരുമെന്ന സന്ദേശം വ്യക്തമായി നൽകുന്നതിനൊപ്പം രാജി നീക്കത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിടുകയെന്നതും ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യമാണ്. ഇന്നത്തെ കൂടിക്കാഴ്ചയ്ക്കുശേഷം ശ്രീലേഖയോ പാർട്ടി നേതൃത്വമോ കൂടുതൽ വിശദീകരണം പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
