‘ദൈവദശകം’ മുതൽ ‘ആത്മോപദേശ ശതകം’ വരെ സൂഫി സംഗീതത്തിൽ; ഗുരുവിന്റെയും സൂഫി പാരമ്പര്യത്തിന്റെയും മാനവിക സന്ദേശങ്ങൾ സംഗീതത്തിലൂടെ കോർത്തിണക്കി ‘സേക്രഡ് എക്കോസ്’
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ ദാർശനികവും ആത്മീയവുമായ കവിതകൾക്ക് സൂഫി സംഗീതത്തിന്റെ വേറിട്ട ഭാവം പകരുകയാണ് സൂഫി ഗായകൻ സമീർ ബിൻസി. മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും വേർതിരിവുകൾക്കപ്പുറം ചേർത്തുനിർത്തുന്ന ഗുരുദർശനവും സൂഫി പാരമ്പര്യത്തിന്റെ സ്നേഹസന്ദേശവും സംഗീതത്തിലൂടെ ഒരേ വേദിയിൽ എത്തിക്കുകയാണ് സമീറിന്റെ ശ്രമം.
ശ്രീനാരായണ ഗുരുവിന്റെ കവിതകളും ദാർശനിക രചനകളിലെ തിരഞ്ഞെടുത്ത വരികളും സൂഫി സംഗീതശൈലിയിൽ അവതരിപ്പിക്കുന്നതാണ് സമീറിന്റെ പുതിയ സംഗീതപരീക്ഷണം. ഗുരുവിന്റെ കൃതികളെ കേന്ദ്രീകരിച്ച് സൂഫി സംഗീതത്തിന്റെ ഭാവത്തിൽ ഒരു വേദി അവതരണം ഒരുക്കുന്നത് അപൂർവമായ ശ്രമമായാണ് ശ്രദ്ധ നേടുന്നത്.
ഗുരു സമാധി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന സമീറിന്റെ ഏകാംഗ സംഗീതാവതരണമായ ‘സേക്രഡ് എക്കോസ്’ ശ്രദ്ധേയമായി. സൂഫി കവികളുടെയും വിവിധ ആത്മീയ ആചാര്യന്മാരുടെയും കവിതകൾ സംഗീതത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണിത്.
ഇത്തവണ ശ്രീനാരായണ ഗുരുവിന്റെ കൃതികൾക്കായിരുന്നു കൂടുതൽ പ്രാധാന്യം. ദൈവദശകം, ആത്മോപദേശ ശതകം, അദ്വൈതദീപിക, ജാതിലക്ഷണം, ബാഹുലേയാഷ്ടകം, പിണ്ഡാനന്ദി തുടങ്ങിയ കൃതികളിൽ നിന്നുള്ള തിരഞ്ഞെടുത്ത വരികൾ സമീർ സൂഫി സംഗീതത്തിന്റെ ഭാവത്തിൽ അവതരിപ്പിച്ചു.
ഗുരുവിന്റെ കവിതകളിലെ അദ്വൈതചിന്തയും മനുഷ്യസ്നേഹവും ആത്മാന്വേഷണവും സൂഫി സംഗീതത്തിന്റെ ആത്മീയ അന്തരീക്ഷവുമായി ചേർത്തുനിർത്താനാണ് തന്റെ ശ്രമമെന്ന് സമീർ പറയുന്നു.
കഴിഞ്ഞ 23 വർഷമായി ഗുരുവിന്റെ രചനകളെയും സൂഫി കവിതകളെയും കോർത്തിണക്കിയുള്ള സംഗീതാവതരണങ്ങൾ സമീർ നടത്തിവരുന്നു. എന്നാൽ അടുത്തകാലത്താണ് ശ്രീനാരായണ ഗുരുവിന്റെ കൃതികൾ മാത്രം ഉൾപ്പെടുത്തി പ്രത്യേക അവതരണങ്ങൾ നടത്താൻ തുടങ്ങിയത്.
സൂഫി കവിതകളുടെയും ഗുരുവിന്റെ രചനകളുടെയും ആന്തരികതയിൽ വലിയ സാമ്യമുണ്ടെന്നാണ് സമീറിന്റെ നിരീക്ഷണം. മനുഷ്യർക്കിടയിലെ വേർതിരിവുകളെ മറികടന്ന് എല്ലാവരെയും ചേർത്തുനിർത്തുന്ന സ്നേഹവും ആത്മീയമായ ഏകത്വബോധവുമാണ് രണ്ടിടത്തും പ്രധാനമായി ഉയർന്നുവരുന്നതെന്ന് അദ്ദേഹം പറയുന്നു.
അതുകൊണ്ടുതന്നെ ഗുരുവിന്റെ വരികൾ സൂഫി സംഗീതത്തിലേക്ക് കൊണ്ടുവരുമ്പോൾ അത് വെറും സംഗീതപരീക്ഷണമല്ലെന്നും വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങൾ തമ്മിലുള്ള സംവാദമായി മാറുന്നുവെന്നും സമീർ ചൂണ്ടിക്കാട്ടുന്നു.
സൂഫി കവി അബ്ദുൽ ഖാദർ ഇച്ച മസ്താന്റെ ‘താലോലം പാടുന്ന തങ്കച്ചിപ്പെണ്ണേ’ എന്ന ഗാനം അവതരിപ്പിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ‘കുണ്ഡലിനിപ്പാട്ടി’ലെ വരികളും സമീർ ചേർത്തു പാടാറുണ്ട്.
ഗുരുവിന്റെയും മസ്താന്റെയും ആത്മീയ ചിന്തകളെ സംഗീതത്തിലൂടെ ബന്ധിപ്പിക്കുന്ന ഇത്തരം അവതരണങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഗുരു മസ്തനീയം’, ‘താലോലം പാടുന്ന’ തുടങ്ങിയ പേരുകളിൽ പുറത്തിറങ്ങിയ സമീറിന്റെ സംഗീത വീഡിയോകൾക്കും മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചു.
ശ്രീനാരായണ ഗുരുവും അബ്ദുൽ ഖാദർ ഇച്ച മസ്താനും കണ്ണൂരിൽ വെച്ച് കണ്ടുമുട്ടിയതായി പറയപ്പെടുന്ന ചരിത്രപരമായ പരാമർശങ്ങളും ഈ സംഗീതയാത്രയ്ക്ക് മറ്റൊരു പശ്ചാത്തലം നൽകുന്നു. ഗുരുവുമായുള്ള കൂടിക്കാഴ്ച ഇച്ച മസ്താന്റെ ആത്മീയ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ സൂഫി യാത്രയ്ക്ക് പ്രചോദനമായെന്നും വിശ്വസിക്കപ്പെടുന്നു.
ഈ ചരിത്രബന്ധവും ഗുരുദർശനവും സൂഫി പാരമ്പര്യവും തമ്മിലുള്ള ആത്മീയ സാമ്യവും തന്റെ സംഗീതാന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സമീർ പറയുന്നു.
ഗുരുവിന്റെ കവിതയും സൂഫി സംഗീതവും ഒരുമിച്ചുള്ള സമീറിന്റെ യാത്രയ്ക്ക് പിന്നിൽ കൗതുകകരമായൊരു അനുഭവവുമുണ്ട്. ഏകദേശം 23 വർഷം മുമ്പ് കലാമണ്ഡലത്തിൽ ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശ്രീനാരായണ ഗുരുവിന്റെ വരികൾ മനസ്സിലെത്തിയതെന്ന് സമീർ ഓർക്കുന്നു.
അന്ന് ഓർമയിൽ തെളിഞ്ഞ ഗുരുവിന്റെ വരികൾ വേദിയിൽ തന്നെ അദ്ദേഹം ആലപിച്ചു. ആ അനുഭവമാണ് പിന്നീട് ഗുരുകവിതകളെയും സൂഫി കവിതകളെയും ഒരേ സംഗീതധാരയിൽ അവതരിപ്പിക്കാനുള്ള പ്രചോദനമായത്.
“കുട്ടിക്കാലം മുതൽ ഞാൻ പാടുന്നുണ്ട്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില് എം.എ. പഠിക്കുന്ന കാലത്താണ് സൂഫി സംഗീതത്തോട് കൂടുതൽ താൽപര്യം തോന്നിയത്,” സമീർ പറയുന്നു. പിന്നീട് സൂഫി സംഗീതത്തിന്റെ ആത്മീയതയിലേക്കുള്ള അന്വേഷണവും ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളോടുള്ള അടുപ്പവും ചേർന്നാണ് ഇന്നത്തെ സംഗീതശൈലി രൂപപ്പെട്ടത്.
കേരളത്തിലെ ശ്രദ്ധേയമായ സൂഫി സംഗീതസംഘങ്ങളിലൊന്നായ ‘സോംഗ്സ് ഓഫ് സോൾ ആൻഡ് സോയിൽ’ എന്ന കൂട്ടായ്മയിലും സമീർ ബിൻസി അംഗമാണ്. ഇമാം മജ്ബൂർ, അക്ബർ എന്നിവരോടൊപ്പം നിരവധി സംഗീതാവതരണങ്ങളുടെ ഭാഗമായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ മേൽമുറി സ്വദേശിയായ സമീറിന്റെ ഭാര്യ ബീഗം ജാഷിദയാണ്. ഇഷ്ക് റൂഹി, ഷംസ് തബ്റേസി, റാസ് മിലാൻ എന്നിവരാണ് മക്കൾ.
ശ്രീനാരായണ ഗുരു മുന്നോട്ടു വെച്ച മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവും സൂഫി പാരമ്പര്യത്തിലെ സ്നേഹത്തിന്റെയും ആത്മീയ ഐക്യത്തിന്റെയും ആശയങ്ങളും സംഗീതത്തിലൂടെ കൂട്ടിയിണക്കുകയാണ് സമീർ ബിൻസി. വ്യത്യസ്ത ആത്മീയ പാരമ്പര്യങ്ങൾക്കിടയിൽ സംഗീതം തീർക്കുന്ന ഒരു പാലമായി അദ്ദേഹത്തിന്റെ ഈ പരീക്ഷണം മാറുകയാണ്.
