തൃശൂര്‍: കൈപ്പമംഗലത്തിനടുത്ത് പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം നടന്ന വാഹനാപകടത്തില്‍ എട്ട് പേര് ദാരുണമായി മരിച്ചു. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ഇടിച്ചുകയറിയാണ് അപകടം നടന്നത്. ഏഴ് പേര് സംഭവസ്ഥലത്തു വെച്ചും മറ്റൊരാൾ ആശുപത്രിയിൽ എത്തിച്ചതിനു ശേഷമാണ് മരിച്ചത്.
മധുര രജിസ്ട്രേഷനുള്ളകാറിലാണ് എട്ട് പേരും സഞ്ചരിച്ചിരുന്നത്. മരിച്ചവർ തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളാണെന്ന്
സംശയിക്കുന്നു. ഡിണ്ടിഗലിലെ പി എസ്എൻഎ എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിയുടെ തിരിച്ചറിയൽ കാർഡ്
അപകടസ്ഥലത്തു നിന്ന് കണ്ടെടുത്തു.
വെള്ളിയാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കിയ കാർ നിയന്ത്രണംവിട്ട് ലോറിയുടെ പിന്നിലേക്ക് അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള (എംഎച്ച് 43 സിഇ 3671) ചരക്ക് ലോറിയാണ് ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിയിട്ടിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന് തരിപ്പണമായി.
ഗുരുവായൂർ ഭാഗത്തു നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കാർ, റോഡ്പണി നടക്കുന്ന സ്ഥലത്ത് അതേ ദിശയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലാണ് ഇടിച്ചത്. തകർന്ന വാഹനത്തിൽ നിന്ന് അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാൻ നാട്ടുകാരും , ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് ഉദ്യോഗസ്ഥരും, പോലീസും രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട രണ്ടുപേരെ പുറത്തെടുക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് അവശിഷ്ടങ്ങൾ തുരന്നു പുറത്തെടുക്കേണ്ടി വന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൻ്റെ മുൻഭാഗം ലോറിക്കടിയിലേക്ക് പൂർണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ അതിസാഹസികമായി പുറത്തെടുത്തത്. ആറുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ആറ് പേരെ തിരിച്ചറിഞ്ഞു
അപകടത്തിൽ മരിച്ച എട്ടുപേരും തമിഴ്നാട് സ്വദേശികളായ ഇരുപതുകാരാണ്. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി വിശ്വ, ദിണ്ടിഗൽ സ്വദേശികളായ സൂര്യ, യുവ സഞ്ജിത്, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന എന്നിവരെയാണ് ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞത്. പിന്നീട് ദിണ്ഡിഗൽ സ്വദേശിയായ ജോഷ്വയെ കൂടി തിരിച്ചറിഞ്ഞു.
മരിച്ചവരുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവരെല്ലാം ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണെന്ന് സ്ഥിരീകരിച്ചു. അവധി ആഘോഷിക്കാനായി കേരളത്തിലേക്ക് വിനോദയാത്ര വന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കളുടെ വിയോഗ വാർത്തയറിഞ്ഞ് കോളജ് അധികൃതരും സഹപാഠികളും വലിയ ഞെട്ടലിലാണ്.
ദേശീയപാതയിലെ അനാസ്ഥ
നിർമാണം നടക്കുന്ന ദേശീയപാതയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിക്കുന്നു. പാലം ഇറങ്ങി സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ട ഭാഗത്ത് യാതൊരു മുന്നറിയിപ്പ് ബോർഡുകളുമില്ലാതെ പെട്ടെന്ന് ബാരിക്കേഡുകൾ സ്ഥാപിച്ചതാണ് അപകടത്തിൻ്റെ പ്രധാന കാരണമെന്ന് നാട്ടുകാരനായ നസറുദീൻ പറഞ്ഞു.
ഇതിന് പുറമെ, ഒന്നാം ട്രാക്കിൽ തന്നെ പാർക്കിങ് ലൈറ്റുകൾ പോലുമിടാതെ ചരക്ക് ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറിക്കുള്ളിൽ ഡ്രൈവർ ഉറങ്ങുകയായിരുന്നുവെന്നാണ് വിവരം. പ്രദേശത്ത് തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ കൂരിരുട്ടായിരുന്നു. ദൂരദിക്കുകളിൽ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പെട്ടെന്ന് വഴിതിരിച്ചുവിട്ടത് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇതിന് നൂറുമീറ്റർ അകലെ സമാനമായ രീതിയിൽ മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായിരുന്ന കൊല്ലം സുധി അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. നിരന്തരം അപകടങ്ങൾ നടന്നിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാരനായ നസറുദീൻ പറഞ്ഞു.
കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ ഒൻപതുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ച്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കാറിൻ്റെ അമിതവേഗതയാണോ അപകടത്തിന് കാരണമായതെന്നും അന്വേഷിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തും.
എട്ട് തമിഴ്നാട് സ്വദേശികളുടെ ദാരുണ അന്ത്യത്തിനിടയാക്കിയ കൈപ്പമംഗലം പനമ്പിക്കുന്ന് അപകടത്തിന് പൂർണ്ണ ഉത്തരവാദികൾ ദേശീയപാത അതോറിറ്റിയാണെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. റോഡ് നിർമ്മാണത്തിലെ കടുത്ത അപാകതകളും, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ഈ വൻ ദുരന്തത്തിന് വഴിവെച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു.
ദേശീയപാത 66-ൻ്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും കരാറുകാരോ ഉദ്യോഗസ്ഥരോ പാലിക്കുന്നില്ല. അപകടം നടന്ന രാത്രിയിൽ ഈ മേഖലയിൽ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. ഡൈവേർഷനുകളിലോ റോഡിൻ്റെ അപകടസാധ്യതയുള്ള ഭാഗങ്ങളിലോ ആവശ്യമായ സൂചന ബോർഡുകളോ കൃത്യമായ സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല.
ജനപ്രതിനിധികൾ യോഗം വിളിക്കുമ്പോഴോ ആശങ്കകൾ അറിയിക്കുമ്പോഴോ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ ഒട്ടും സഹകരിക്കാറില്ല. പാലക്കാട്, തൃശൂർ മേഖലകൾക്കായി ഒരൊറ്റ പ്രൊജക്ട് ഡയറക്ടർ മാത്രമാണുള്ളത്. അദ്ദേഹം പലപ്പോഴും യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. സൂചനാ ബോർഡുകൾ മറച്ചുകൊണ്ട്, ഹൈവേയുടെ റോഡ് ട്രാക്കിൽ ചരക്ക് ലോറി പാർക്ക് ചെയ്തിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതിനെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
