വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹക്കോടതിയെ സമീപിച്ച ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ എങ്ങനെ വിദേശത്ത് ജോലിക്കു പോകുമെന്ന് കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ താങ്കള്‍ക്ക് എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുകയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് തച്ചങ്കരിയുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ചത്.

ജയിലിൽ പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ അസുഖം വരികയും പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ”ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം.

തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ ചികിത്സ പൂർത്തിയാകുന്നതുവരെയുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദേശിച്ചു. ആശുപത്രിവാസത്തിന്റെ വിശദാംശങ്ങളും ചികിത്സ സംബന്ധിച്ച രേഖകളും പരിശോധിച്ച ശേഷമായിരിക്കും ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കോടതി തുടർനടപടി സ്വീകരിക്കുക. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ന് പുറപ്പെടുവിച്ച വിധിയിൽ നാല് വർഷത്തെ കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

വിജിലൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെ തച്ചങ്കരി പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി തടയണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും തച്ചങ്കരിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. കേസിലെ അപ്പീലിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ വിജിലൻസ് കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

ഇതിനു പിന്നാലെയാണ് വിദേശത്ത് തൊഴിൽ അവസരം ലഭിച്ചിട്ടുണ്ടെന്നും അതിനായി യാത്ര ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് തച്ചങ്കരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ശിക്ഷാവിധിക്കുശേഷം ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് ആശുപത്രിയിൽ കഴിഞ്ഞ സാഹചര്യത്തിൽ വിദേശജോലിക്കായി യാത്രാനുമതി തേടുന്നതിലെ വൈരുധ്യമാണ് കോടതി ചോദ്യം ചെയ്തത്.

ചികിത്സാരേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന ആവശ്യത്തിൽ തീരുമാനമുണ്ടാകൂ. വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ തച്ചങ്കരി ഹാജരാക്കുന്ന ചികിത്സാവിവരങ്ങൾ നിർണായകമാകും.

Leave a Comment

Related posts